സാക്ഷി അടയാളങ്ങൾ
“ഇത് കണ്ടോ?” ക്ലോക്ക് നന്നാക്കുന്നയാൾ ഞങ്ങളുടെ വീട്ടിലുള്ള ആ പുരാതന ക്ലോക്കിന്റെയുളളിൽ കണ്ട ഒരു അടയാളം ചൂണ്ടിക്കൊണ്ട് ചോദിച്ചു. “നൂറ്റാണ്ട് മുമ്പ് ആരോ ഈ ക്ലോക്ക് റിപ്പയർ ചെയ്തപ്പോൾ ഇട്ട ഒരു അടയാളമാണിത്. ഇതിന് വിറ്റ്നെസ് മാർക്ക് എന്ന് പറയും. അത് കണ്ടാൽ ഇതെങ്ങനെ ഫിറ്റ് ചെയ്യാം എന്ന് എനിക്ക് മനസ്സിലാകും.”
ഇന്നുള്ളതുപോലെ ഹാൻഡ് ബുക്കുകളോ റിപ്പയർ മാനുവലോ ഒന്നുമില്ലാതിരുന്ന പണ്ടു കാലത്ത്, യന്ത്രങ്ങളുടെ ചലിക്കുന്ന ഭാഗങ്ങളൊക്കെ എങ്ങനെ കൃത്യമായി ഫിറ്റ് ചെയ്യാം എന്നതിന് പ്രത്യേക അടയാളങ്ങൾ (witness mark) ഇട്ട് വെക്കുന്നതായിരുന്നു രീതി. ഇത് പിന്നീട് ഇതിന്മേൽ ജോലി ചെയ്യുന്നവർക്ക് സമയം ലാഭിക്കാൻ ഇടയാക്കുന്നു എന്നത് മത്രമല്ല, അവരോട് കാണിക്കുന്ന ഒരു ദയയും കൂടിയാണ്.
ഇതുപോലെ, ഈ തകർന്ന ലോകത്തിൽ മററുളളവരെ സേവിച്ചുകൊണ്ട് ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നാമും നമ്മുടെ “സാക്ഷ്യത്തിന്റെ അടയാളങ്ങൾ“ അവശേഷിപ്പിക്കണമെന്ന് ബൈബിൾ പറയുന്നു. പൗലോസ് റോമിലെ സഭക്ക് എഴുതി: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ; നന്മക്കായി ആത്മിക വർധനക്കു വേണ്ടി പ്രസാദിപ്പിക്കണം” (റോമർ 15:2). നമുക്ക് “സ്ഥിരതയും ആശ്വാസവും നൽകുന്ന” (15:6) ദൈവം കാണിച്ചു തരുന്ന മാതൃകയാണിത്. സ്വർഗത്തിന്റെയും ഭൂമിയുടെയും ഒരു നല്ല പൗരൻ ഇങ്ങനെയാകണം.
നമ്മുടെ “വിറ്റ്നെസ് മാർക്ക്“ വളരെ ചെറിയ കാര്യമായി തോന്നാം, എന്നാലത് മറ്റാരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റം വരുത്തിയേക്കാം. ഒരു നല്ല വാക്ക്, ഒരു സാമ്പത്തിക സഹായം, കേൾക്കാനുള്ള മനസ്സ്—ഇതൊക്കെ വലിയ സ്വാധീനം ചെലുത്തുന്ന കരുണയായിത്തീരാം. മറ്റുളളവരുടെ ജീവിതത്തിൽ ദൈവികമായ അടയാളങ്ങൾ ഇടാൻ ദൈവം സഹായിക്കട്ടെ.
ദൈവത്താൽ ഉത്സാഹിപ്പിക്കപ്പെടുക
1925-ൽ, ഒരു ഹോട്ടലിൽ ബസ്-ബോയ്ആയി ജോലി ചെയ്യുമ്പോൾ, എഴുത്തുകാരനാകാൻ ആഗ്രഹിച്ചിരുന്ന ലാങ്സ്റ്റൺ ഹ്യൂസ്, താൻ ആരാധിക്കുന്ന ഒരു കവി (വാച്ചൽ ലിൻഡ്സി) അവിടെ അതിഥിയായി താമസിക്കുന്നതായി കണ്ടെത്തി.ഹ്യൂസ് ജാള്യതയോടെ തന്റെ സ്വന്തം കവിതകളിൽ ചിലത് ലിൻഡ്സിയെ കാണിച്ചു. തുടർന്ന് അദ്ദേഹം,അവയെ ഒരു പൊതു വായനാവേളയിൽവെച്ച് ആവേശത്തോടെ പ്രശംസിക്കുകയും, ലിൻഡ്സിയുടെ പ്രോത്സാഹനം ഒരു യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് നേടുന്നതിന് ഹ്യൂസിനെ ഇടയാക്കുകയും, വിജയകരമായ രചനാജീവിതത്തിലേക്കുള്ള വഴിയിൽ തന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു.
ഒരു ചെറിയ പ്രചോദനം വളരെ ദൂരം നമ്മെ കൊണ്ടുപോകാം, പ്രത്യേകിച്ചും ദൈവം അതിൽ ഉള്ളപ്പോൾ. “തന്റെ ജീവനെ തേടി” പുറപ്പെട്ടിരുന്ന ശൗൽ രാജാവിൽ നിന്ന് ദാവീദ് പാലായനം ചെയ്യുന്ന സമയത്ത്, ശൗലിന്റെ മകൻ യോനാഥാൻ ദാവീദിനെ അന്വേഷിച്ച് ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്, "ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും" എന്നു പറഞ്ഞു (1 ശമുവേൽ 23:15-17).
യോനാഥാൻ പറഞ്ഞത് ശരിയായിരുന്നു. ദാവീദ് രാജാവായി.യോനാഥാൻ നല്കിയഫലപ്രദമായ പ്രചോദനത്തിന്റെ താക്കോൽ,"ദൈവത്തിൽ"എന്ന ലളിതമായ വാക്യാംശത്തിൽ കാണപ്പെടുന്നു (വാ.16). യേശുവിലൂടെ, ദൈവം നമുക്ക് "നിത്യാശ്വാസവും നല്ല പ്രത്യാശയും" നൽകുന്നു(2തെസ്സ. 2:16). അവന്റെ മുമ്പിൽ നാം നമ്മെ തന്നെ താഴ്ത്തുമ്പോൾ, മറ്റാർക്കും കഴിയാത്ത വിധം അവൻ നമ്മെ ഉയർത്തുന്നു.
പ്രോത്സാഹനം ആവശ്യമുള്ള ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. യോനാഥാൻ ദാവീദിനെ അന്വേഷിച്ചതു പോലെ നാമും അവരെ അന്വേഷിക്കുകയും, ഒരു അനുകമ്പയുള്ള വാക്കിനാലോ പ്രവൃത്തിയാലോ സൗമ്യമായി അവർക്ക്ദൈവത്തെ ചൂണ്ടിക്കാണിക്കുകയുംചെയ്താൽ, ശേഷമുള്ളത് അവിടുന്ന് ചെയ്തു കൊള്ളും. ഈ ജീവിതം നമ്മുക്ക് എന്തുതന്നെ കരുതിവച്ചാലും, അവനിൽ ആശ്രയിക്കുന്നവർക്കു,നിത്യതയിൽ ഉജ്ജ്വലമായ ഒരു ഭാവി കാത്തിരിക്കുന്നു.
ദൈവത്തിലേക്ക് ചായുക
ഹാരിയറ്റ് ടബ്മാന് വായിക്കാനോ എഴുതാനോ കഴിയില്ല. കൗമാരപ്രായത്തിൽ, ക്രൂരനായ യജമാനന്റെ കൈയിൽ നിന്നു അവൾക്ക് തലയ്ക്ക് പരിക്കേറ്റു. ആ മുറിവ് അവൾക്ക് ജീവിതകാലം മുഴുവൻ തലവേദനയും അപസ്മാരവും ഉണ്ടാക്കി. എന്നാൽ ഒരിക്കൽ അവൾ അടിമത്വത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ, മുന്നൂറോളം പേരെ രക്ഷിക്കുവാൻ ദൈവം അവളെ ഉപയോഗിച്ചു.
അവൾ മോചിപ്പിച്ചവർ അവളെ "മോസസ്" എന്ന് വിളിച്ചു. ഹാരിയറ്റ് ധീരതയോടെ മറ്റുള്ളവരെ രക്ഷിക്കുവാൻ ആഭ്യന്തര യയുദ്ധത്തിന് മുമ്പുള്ള അമേരിക്കയുടെ തെക്കൻ പ്രദേശത്തേക്ക് പത്തൊൻപത് യാത്രകൾ നടത്തി. അവളുടെ തലയ്ക്കവർ വിലയിട്ടിട്ടും അവളുടെ ജീവൻ നിരന്തരം അപകടത്തിലായിരുന്നിട്ടും അവൾ അതു തുടർന്നു. യേശുവിൽ ഭക്തിയുള്ള ഒരു വിശ്വാസിയായ അവൾ എല്ലാ യാത്രയിലും ഒരു പാട്ടുപുസ്തകവും ബൈബിളും വഹിക്കുകയും മറ്റുള്ളവരെക്കൊണ്ടതു വായിപ്പിക്കുകയും ചെയ്തു. അത് അവൾ തന്റെ ഓർമ്മയിൽ സൂക്ഷിക്കുകയും പലപ്പോഴും ഉദ്ധരിക്കുകയും ചെയ്തു. "ഞാൻ എപ്പോഴും പ്രാർത്ഥിച്ചു," അവൾ പറഞ്ഞു, "എന്റെ ജോലിയിൽ, എല്ലായിടത്തും, ഞാൻ എപ്പോഴും കർത്താവിനോട് സംസാരിക്കുകയായിരുന്നു." ഏറ്റവും ചെറിയ വിജയങ്ങൾ പോലും അവൾ ദൈവത്തിന് സമർപ്പിച്ചു. ആദ്യകാല ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് നല്കിയ നിർദ്ദേശത്തിന്റെ ശക്തമായ ആവിഷ്കാരമായിരുന്നു അവളുടെ ജീവിതം: “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”(1 തെസ്സലൊനീക്യർ 5: 16-18).
ഓരോ നിമിഷത്തിലും നാം ദൈവത്തിലേക്ക് ചായുകയും പ്രാർത്ഥനയിൽ ആശ്രയിക്കുകയും, നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിലും അവനെ സ്തുതിക്കുകയും ചെയ്യുമ്പോൾ, ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികൾ പോലും നിർവഹിക്കാനുള്ള ശക്തി അവൻ നമുക്ക് നൽകുന്നു. നമ്മുടെ രക്ഷകൻ നാം അഭിമുഖീകരിക്കുന്ന എന്തിനേക്കാളും വലുതാണ്, നാം അവനിലേക്ക് നോക്കുമ്പോൾ അവൻ നമ്മെ നയിക്കും.
സ്നേഹത്തിന്റെ ഏറ്റുവും വലിയ ദാനം
എന്റെ മകൻ ജെഫ് ഒരു കടയിൽ നിന്നും മടങ്ങുമ്പോൾ വഴിയിൽ ഒരു ഊന്നുവടി ഉപേക്ഷിച്ചിരിക്കുന്നതു കണ്ടു. എന്റെ സഹായം ആവശ്യമുള്ള ആരെങ്കിലും ഉണ്ടാകരുതേ എന്ന് അവൻ ചിന്തിച്ച് കെട്ടിടത്തിനു പുറകിലേക്ക് നോക്കിയപ്പോൾ ഭവനരഹിതനായ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടു..
ജെഫ് അയാളെ എഴുന്നേൽപ്പിച്ചു കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് അന്വേഷിച്ചു. “ഞാൻ കുടിച്ചു മരിക്കാൻ പോകുകയാണ്,” അയാൾ ഉത്തരം നൽകി. “എന്റെ ടെന്റ് കൊറ്റുങ്കാറ്റിൽ ഒടിഞ്ഞു, എനിക്കെല്ലാം നഷ്ടപ്പെട്ടു. എനിക്ക് ജീവിക്കണ്ട.”
ജെഫ് പുനരധിവാസം നൽകുന്ന ഒരു ക്രിസ്ത്യൻ ശുശ്രൂഷയെ വിളിച്ചു, അവർ സഹായത്തിനു കാത്തു നിൽക്കുമ്പോൾ തന്നെ അവൻ വീട്ടിൽ പോയി തന്റെ സ്വന്തം ക്യാമ്പിങ് ടെന്റ് കൊണ്ട് വന്നു ആ മനുഷ്യനു കൊടുത്തു. നിങ്ങളുടെ പേരെന്താണെന്നതിനു “ജെഫ്രി” എന്ന് ഭവനരഹിതൻ ഉത്തരം നൽകി. തന്റെ സ്വന്തം പേരു ജെഫ് പറഞ്ഞില്ല. “അപ്പാ, ആ സ്ഥാനത്ത് ഞാനാകാമായിരുന്നു“ എന്ന് അവൻ പിന്നീട് എന്നോട് പറഞ്ഞു.
ജെഫും ഒരിക്കൽ ലഹരിക്ക് അടിമയായിരുന്നു, അവനു ദൈവത്തിൽ നിന്നും ലഭിച്ച ദയ കാരണമാണ് അവൻ ആ മനുഷ്യനെ സഹായിച്ചത്. യെശയ്യാ പ്രവാചകൻ നമുക്ക് യേശുവിൽ ദൈവത്തിന്റെ ദയ മുൻകണ്ട് ഈ വാക്കുകളെ ഉപയോഗിച്ചു: “നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി (യെശയ്യാവ് 53:6).
നമ്മുടെ രക്ഷകനായ ക്രിസ്തു നമ്മെ നഷ്ടപ്പെട്ടവരായി, ഏകരായി, നിരാശയിൽ പ്രത്യാശയറ്റവരായി വിട്ടില്ല. നാം തന്നിൽ പുതുക്കപ്പെട്ടു സ്വതന്ത്രരായി ജീവിക്കുവാൻ തക്കവണ്ണം നമ്മോട് അനുരൂപനാകുവാനും നമ്മെ സ്നേഹത്തിൽ ഉയർത്തുവാനും അവിടുന്ന് തീരുമാനിച്ചു. ഇതിലും വലിയ ദാനം ഇല്ല.
സ്നേഹം ഒരിക്കലും നിലക്കാതിരിക്കുമ്പോൾ
“എന്റെ മുത്തച്ഛൻ എന്നെ കടൽത്തീരത്ത് കൊണ്ടു പോയപ്പോഴൊക്കെ അദ്ദേഹം തന്റെ വാച്ച് അഴിച്ച് മാറ്റി വെച്ചു,” പ്രിയങ്ക ഓർത്തു. “ഒരിക്കൽ ഞാൻ അദ്ദേഹത്തോട് എന്തിനാണതെന്ന് ചോദിച്ചു.”
‘നിന്നോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് എത്ര പ്രീയപ്പെട്ടതാണെന്ന് നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമയം കടന്നു പോകുമ്പോഴും ഞാൻ നിന്നൊടൊത്തിരിക്കാൻ മാത്രം ആഗ്രഹിക്കുന്നു, “അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ഉത്തരം നൽകി”.
പ്രിയങ്ക ആ സ്മരണ തന്റെ മുത്തച്ഛന്റെ മരണശുശ്രൂഷയിലാണ് പങ്ക് വെച്ചത്. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നു അത്. മറ്റുള്ളവർ നമുക്കായി സമയമെടുക്കുന്നത് നമ്മെ എത്രമാത്രം വിലമതിക്കപ്പെട്ടതായി നമുക്ക് അനുഭവപ്പെടുമെന്ന കാര്യം ഞാൻ ധ്യാനിച്ചു. ദൈവത്തിന്റെ സ്നേഹപൂർവമായ പരിപാലനത്തേക്കുറിച്ചുള്ള വേദവാക്യങ്ങൾ അത് മനസ്സിലേക്ക് കൊണ്ടുവന്നു.
ദൈവം എപ്പോഴും നമുക്കായി സമയമുണ്ടാക്കുന്നു. 145ആം സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിച്ചു “യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” (വാ. 16–18).
ദൈവത്തിന്റെ നന്മയും ശ്രദ്ധയോടെയുള്ള വിചാരവും ഓരോ നിമിഷവും ശ്വസിക്കാൻ വായുവും കഴിക്കാൻ ഭക്ഷണവും നൽകി നമ്മെ നിലനിർത്തുന്നു. കാരണം അവൻ സ്നേഹ സമ്പന്നനാണ്, സകലത്തേയും നിർമ്മിച്ചവൻ നമ്മുടെ അസ്തിത്വത്തിന്റെ ഏറ്റവും സങ്കീർണ്ണമായ വിശദാംശങ്ങൾ പോലും കരുണയോടെ മെനയുന്നു.
"കാലം കടന്നു പോകട്ടെ, എങ്കിലും ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നോടൊപ്പം എന്നേക്കുമായിരിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു" എന്ന് പറയുമ്പോലെ, ദൈവത്തിന്റെ സ്നേഹം എത്രയോ അഗാധവും അന്തമില്ലാത്തതുമാണ്. കാരണം, അവൻ നമുക്കായി നിത്യജീവനിലേക്കും അവന്റെ സന്നിധിയിലെ സന്തോഷത്തിലേക്കും തന്റെ ദയയാലും കരുണയാലും വഴി തുറന്നു.
സിംഹം, കുഞ്ഞാട്, രക്ഷകൻ
ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കവാടത്തിൽ ഗംഭീരമായ, കല്ലിൽ കൊത്തിയ രണ്ട് സിംഹങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. 1911 ൽ ലൈബ്രറിയുടെ സമർപ്പണം മുതൽ മാർബിളിൽ കൊത്തിയെടുത്ത ഈ രണ്ടു സിംഹങ്ങൾ പ്രൗഢഗംഭീരമായി അവിടെ നിൽക്കുന്നുണ്ട്. ലൈബ്രറിയുടെ സ്ഥാപകരെ ആദരിക്കുന്നതിനായി അവക്ക് ലിയോ ലിനോക്സ് , ലിയോ ആസ്റ്റർ എന്നുമാണ് നാമകരണം ചെയ്തിരുന്നത്. പക്ഷെ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിൽ ന്യൂയോർക്ക് മേയർ ആയിരുന്ന ഫ്യൂറലോ ലാഗാർഡിയ അവയെ ഫോർറ്റിററൂഡ് (ധൈര്യം) എന്നും പേഷ്യൻസ് (ക്ഷമ) എന്നും പുനർനാമകരണം ചെയ്തു. വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തിൽ ന്യൂയോർക്ക്കാർ ആ പേരുകളുടെ നന്മകൾ പ്രകടിപ്പിക്കണമെന്ന് അദ്ദേഹം വിചാരിച്ചു. ആ സിംഹങ്ങളെ ഇന്നും ഫോർറ്റിററൂഡ് (ധൈര്യം)എന്നും, പേഷ്യൻസ് (ക്ഷമ) എന്നും വിളിക്കുന്നു.
ബൈബിൾ ഒരു ജീവിക്കുന്ന ശക്തനായ സിംഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . ബുദ്ധിമുട്ടുകളിൽ പ്രോൽസാഹനം നൽകുന്ന അവൻ മറ്റ് പല പേരുകളിലും അറിയപ്പെടുന്നു. അപ്പോസ്തലനായ യോഹന്നാൻ, സ്വർഗ്ഗത്തിന്റെ ദർശനത്തിൽ, ദൈവത്തിന്റെ ന്യായവിധിയുടേയും വീണ്ടെടുപ്പിന്റേയും പദ്ധതികൾ അടങ്ങിയ മുദ്ര വെച്ച പുസ്തക ചുരുൾ തുറക്കാൻ ആർക്കും കഴിയുന്നില്ല എന്ന് കണ്ടിട്ട് കരഞ്ഞു. അപ്പോൾ യോഹന്നാനോട്, “കരയേണ്ടാ യെഹൂദാ ഗോത്രത്തിലെ സിംഹവും…........ ജയം പ്രാപിച്ചിരിക്കുന്നു.അവന് പുസ്തകവും അതിന്റെ ഏഴ് മുദ്രയും തുറപ്പാൻ കഴിയും”(വെളിപ്പാട് 5:5) എന്നു പറഞ്ഞു.
കൂടാതെ തൊട്ടടുത്ത വാക്യത്തിൽ യോഹന്നാൻ പൂർണമായും വ്യത്യസ്തമായ ഒരു കാര്യം വിവരിക്കുന്നുണ്ട്. “സിംഹാസനത്തിന്റെ മദ്ധ്യത്തിൽ കുഞ്ഞാട് അറുക്കപ്പെട്ടതു പോലെ നിൽക്കുന്നതു കണ്ടു” (വാ.6). ആ സിംഹവും, ആ കുഞ്ഞാടും ഒരാളായിരുന്നു: യേശു. അവനാണ് ജേതാവായ രാജാവും “ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും .” (യോഹന്നാൻ 1:29). അവന്റെ ക്രൂശിന്റെ ശക്തിയാൽ പാപമോചനവും കരുണയും ലഭിച്ചതു കൊണ്ട് നമുക്ക് സന്തോഷത്തോടെയും , അവൻ എന്നന്നേക്കും ഇരിക്കുന്നവനാണെന്ന അതിശയത്തോടെയും ജീവിക്കാം.
താഴ്‌വരയിൽ നമ്മോടൊപ്പം
മരണക്കിടക്കയിൽ വച്ച് എഴുതിയ എഴുത്തിൽ ഹന്നാ വിൽബെർഫോഴ്‌സ് (പ്രശസ്തനായ ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകന്റെ ആന്റി) യേശുവിലുള്ള ഒരു സഹവിശ്വാസിയുടെ വിയോഗത്തെപ്പറ്റി കേട്ടത് രേഖപ്പെടുത്തിയിരിക്കുന്നു. "ദൈവ മഹത്വത്തിലേക്ക് പ്രവേശിച്ച പ്രിയ സ്നേഹിതൻ, താൻ കാണാതെ സ്നേഹിച്ച യേശുവിന്റെ സാന്നിധ്യത്തിലായതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു." പിന്നീട് അവർ സ്വന്തം അവസ്ഥ ഇങ്ങനെ വിവരിക്കുന്നു "ഞാൻ, നല്ലതും ചീത്തയുമായിരിക്കുന്നു, യേശു എപ്പോഴത്തെയുംപോലെ നല്ലവനാണ്."
അവളുടെ വാക്കുകൾ എന്നെ സങ്കീർത്തനം 23 നെപ്പറ്റി ചിന്തിക്കുവാൻ ഇടയാക്കി, അവിടെ ദാവീദ് ഇപ്രകാരം എഴുതുന്നു, "കൂരിരുൾതാഴ്വരയിൽ കൂടി [മരണ നിഴൽ താഴ്‌വരയിൽ] നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ" (വാ.4). ആ വാക്കുകൾ ആ പേജിൽ ഉയർന്നു നിൽക്കുന്നു കാരണം, മരണനിഴൽ താഴ്‌വരയുടെ നടുവിൽ, ദാവീദിന്റെ വിവരണം തീർത്തും സ്വകാര്യമാവുന്നു. സങ്കീർത്തനത്തിന്റെ പ്രാരംഭത്തിൽ "യഹോവ എന്റെ ഇടയനാകുന്നു" (വാ.1) എന്ന് ദൈവത്തെക്കുറിച്ച് പറഞ്ഞതിൽ നിന്ന് മാറി, "നീ എന്നോട് കൂടെയുണ്ട്" എന്ന് ദൈവത്തോട് പറയുന്നു(വാ.4).
"സർവ്വ ലോകത്തേയും ഉളവാക്കിയ അത്യുന്നതനായ ദൈവം" (സങ്കീ.90:2) ഏറ്റവും ദുഷ്കരമായ പാതയിലും നമ്മോടൊപ്പം നടക്കാൻ കരുണയുള്ളവനാണെന്നത് എത്ര ആശ്വാസപ്രദമാണ്. നമ്മുടെ സാഹചര്യങ്ങൾ നല്ലതോ ചീത്തയോ ആയിക്കോട്ടെ, നമ്മുടെ ഇടയനും, രക്ഷകനും, സുഹൃത്തുമായ കർത്താവിലേക്ക് നോക്കി അവിടുന്ന് "എപ്പോഴും നല്ലവനാണ്" എന്ന് മനസിലാക്കാം. മരണം തന്നെ ഇല്ലാതാകുന്നത് വളരെ നല്ലതാണ്, നമ്മൾ "യഹോവയുടെ ആലയത്തിൽ എന്നേക്കും വസിക്കും" (23: 6).
കുഴപ്പത്തിൽ നിന്നു സന്ദേശത്തിലേക്ക്
ഒരു ബേസ്‌ബോൾ ഇതിഹാസമായിരുന്ന ഡാരിൽ മയക്കുമരുന്ന് ഉപയോഗത്തിലൂടെ തന്റെ ജീവിതം ഏതാണ്ട് നശിപ്പിച്ചു. എന്നാൽ യേശു അവനെ സ്വതന്ത്രനാക്കി, അവൻ വർഷങ്ങളായി ശുദ്ധനായിരിക്കുന്നു. ഇന്ന് അവൻ ആസക്തിയോട് മല്ലിടുന്ന മറ്റുള്ളവരെ സഹായിക്കുകയും അവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ദൈവം തന്റെ കുഴപ്പങ്ങളെ ഒരു സന്ദേശമാക്കി മാറ്റി എന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.
ദൈവത്തിന് ഒന്നും പ്രയാസകരമല്ല. ശിഷ്യന്മാരോടൊപ്പം കൊടുങ്കാറ്റുള്ള ഒരു രാത്രി ഗലീല കടലിൽ സഞ്ചരിച്ചതിനുശേഷം യേശു ഒരു സെമിത്തേരിക്ക് സമീപം കരയ്ക്കണഞ്ഞപ്പോൾ, അന്ധകാര ബാധിതനായ ഒരാൾ ഉടനെ അവനെ സമീപിച്ചു. യേശു അവന്റെയുള്ളിലെ പിശാചുക്കളോട് സംസാരിച്ചു, അവയെ പുറത്താക്കി അവനെ സ്വതന്ത്രനാക്കി.
യേശു മടങ്ങിപ്പോയപ്പോൾ, അവനോടൊപ്പം പോകുവാൻ ആ മനുഷ്യൻ അപേക്ഷിച്ചു. എന്നാൽ യേശു അവനെ അനുവദിക്കാതെ, ''നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു'' (മർക്കൊസ് 5:19).
നാം ആ മനുഷ്യനെ പിന്നീടൊരിക്കലും കാണുന്നില്ല, പക്ഷേ വേദപുസ്തകം താല്പര്യജനകമായ ചിലത് കാണിച്ചുതരുന്നു. ആ പ്രദേശത്തെ ജനങ്ങൾ ഭയപ്പെട്ട് യേശുവിനോട് ''തങ്ങളുടെ അതിര് വിട്ടുപോകുവാൻ അപേക്ഷിച്ചു'' (വാ. 17), എന്നാൽ അടുത്ത തവണ അവൻ അവിടെ തിരിച്ചെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി (8:1). യേശു ആ മനുഷ്യനെ അയച്ചതിന്റെ ഫലമായിരുന്നുവോ ആ വലിയ ജനക്കൂട്ടം? ഒരുകാലത്ത് അന്ധകാരത്താൽ പിടിക്കപ്പെട്ടിരുന്ന ആ മനുഷ്യൻ, ആദ്യത്തെ മിഷനറിമാരിൽ ഒരാളായി, രക്ഷിക്കാനുള്ള യേശുവിന്റെ ശക്തിയെ ഫലപ്രദമായി ആശയവിനിമയം ചെയ്തതായിരിക്കുമോ അതിനു കാരണം?
സ്വർഗ്ഗത്തിന്റെ ഈ വശം നാം ഒരിക്കലും അറിയുകയില്ല, പക്ഷേ ഇത് വളരെ വ്യക്തമാണ്. അവനെ സേവിക്കാൻ ദൈവം നമ്മെ സ്വതന്ത്രരാക്കുമ്പോൾ, ഒരു കുഴപ്പംപിടിച്ച ഭൂതകാലത്തെപ്പോലും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാക്കി മാറ്റാൻ അവനു കഴിയും.
കരുണയും കൃപയും
ദേശീയപാതയുടെ മധ്യത്തിലെ ഏകാന്ത മീഡിയനിൽ റോഡിൽ നിന്ന് ഏതാനും അടി മാത്രം അകലെ ഒരു സൂര്യകാന്തിച്ചെടി തനിയെ നിൽക്കുന്നു. മുമ്പോട്ട് പോയപ്പോൾ, മൈലുകൾക്കുള്ളിലെങ്ങും മറ്റ് സൂര്യകാന്തിച്ചെടികൾ ഇല്ലാതെ അത് എങ്ങനെ വളർന്നുവെന്ന് ഞാൻ ചിന്തിച്ചു. മധ്യഭാഗത്ത് ചാരനിറത്തിലുള്ള ചരലിൽ റോഡിന് സമീപം വളരാൻ കഴിയുന്നത്ര കഠിനമായ ഒരു ചെടി സൃഷ്ടിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അവിടെ, അതു തഴച്ചുവളർന്ന് മന്ദമാരുതനിൽ തലയാട്ടി, പാഞ്ഞുപോകുന്ന യാത്രക്കാരെ സന്തോഷപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
പഴയനിയമത്തിൽ, യെഹൂദ്യയിൽ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്ത വിശ്വസ്തനായ ഒരു രാജാവിന്റെ കഥ പറയുന്നു. അവന്റെ പിതാവും മുത്തച്ഛനും തീക്ഷ്ണതയോടെ മറ്റ് ദേവന്മാരെ സേവിച്ചിരുന്നു; എന്നാൽ യോശീയാവ് അധികാരത്തിലെത്തി എട്ടുവർഷം കഴിഞ്ഞപ്പോൾ, ''അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി'' (2 ദിനവൃത്താന്തം 34:3). അവൻ ''യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ'' ജോലിക്കാരെ അയച്ചു (വാ. 8). അവർ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തി (പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ; വാ. 14).യെഹൂദ ജനതയെ മുഴുവൻ തങ്ങളുടെ പൂർവ്വികരുടെ വിശ്വാസത്തിലേക്ക് മടക്കുക്കൊണ്ടുവരുവാൻ ദൈവം യോശീയാവിനെ പ്രേരിപ്പിച്ചു, അവർ ''[യോശീയാവിന്റെ] കാലത്തൊക്കെയും'' യഹോവയെ സേവിച്ചു (വാ. 33).
നമ്മുടെ ദൈവം അപ്രതീക്ഷിത കാരുണ്യത്തിന്റെ യജമാനനാണ്. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളുടെ കഠിനമായ ചരലിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്നുവരുന്നതിനാവശ്യമായ നന്മ നൽകാൻ അവിടുത്തേക്കു കഴിയും. അവനെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവൻ ഇന്ന് അതു വീണ്ടും ചെയ്‌തേക്കാം.
കേൾക്കുന്നതു പ്രധാനമാണ്
''ഉടനെ വരൂ. ഞങ്ങൾ ഒരു മഞ്ഞുകട്ടയെ ഇടിച്ചു.'' 1912 ഏപ്രിൽ 15 ന് പുലർച്ചെ 12:25 ന് ആർഎംഎസ് കാർപ്പാത്തിയയിലെ വയർലെസ് ഓപ്പറേറ്റർ ഹാരോൾഡ് കോട്ടാമിന് മുങ്ങിക്കൊണ്ടിരുന്ന ടൈറ്റാനിക്കിൽനിന്നു ലഭിച്ച ആദ്യ വയർലെസ് സന്ദേശമായിരുന്നു അത്. അപകട സ്ഥലത്തേക്ക് ആദ്യം പാഞ്ഞെത്തിയ കപ്പൽ കാർപ്പാത്തിയ ആയിരുന്നു. 706 പേരെ അവർ രക്ഷപ്പെടുത്തി.
ദിവസങ്ങൾക്കു ശേഷം യുഎസ് സെനറ്റ് നടത്തിയ വിചാരണയിൽ കാർപ്പാത്തിയയുടെ ക്യാപ്റ്റൻ ആർതർ റോസ്‌ട്രോൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തി,''ഈ സംഗതികളെല്ലാം തികച്ചും ദൈവിക കരുതലായിരുന്നു. . . . വയർലെസ് ഓപ്പറേറ്റർ ആ സമയത്ത് തന്റെ ക്യാബിനിലായിരുന്നു, ഔദ്യോഗിക ജോലിയിലായിരുന്നില്ല. അദ്ദേഹം വസ്ത്രം മാറിക്കൊണ്ടിരിക്കുകയായിരുന്നു. . . . പത്ത് മിനിറ്റിനുള്ളിൽ അദ്ദേഹം ഉറക്കത്തിലാകുമായിരുന്നു, എങ്കിൽ ഞങ്ങൾ സന്ദേശം കേൾക്കുമായിരുന്നില്ല.''
കേൾക്കുന്നതു പ്രധാനമാണ്, പ്രത്യേകിച്ച് ദൈവത്തെ കേൾക്കുന്നത്. 85-ാമത്തെ സങ്കീർത്തനത്തിന്റെ എഴുത്തുകാരായ കോരഹ്പുത്രന്മാർ, ''യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം'' (വാ. 8-9) എന്നെഴുതിയപ്പോൾ ശ്രദ്ധാപൂർവ്വം അനുസരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്. അവരുടെ ഉദ്‌ബോധനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കാരണം അവരുടെ പൂർവ്വികനായ കോരഹ് ദൈവത്തിനെതിരെ മത്സരിക്കുകയും മരുഭൂമിയിൽവെച്ചു നശിക്കുകയും ചെയ്തിരുന്നു (സംഖ്യാപുസ്തകം 16:1-35).
ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ മറ്റൊരു കപ്പൽ കുറെക്കൂടി അടുത്തുണ്ടായിരുന്നു, പക്ഷേ അതിന്റെ വയർലെസ് ഓപ്പറേറ്റർ ഉറങ്ങാൻ കിടന്നിരുന്നു. രക്ഷാസന്ദേശം അയാൾ കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നു. ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിക്കുന്നതിലൂടെ നാം അവനെ ശ്രവിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമുദ്രത്തിൽ പോലും സഞ്ചരിക്കാൻ അവിടുന്ന് നമ്മെ സഹായിക്കും.